top of page

കുമ്പോല്‍ സാദാത്തീങ്ങള്‍, ഒരു ലഘു വിവരണം

സയ്യിദ് മുഹമ്മദ് പാപ്പംകോയ തങ്ങള്‍

 

സാധാരണക്കാര്‍ക്കൊപ്പം ചേര്‍ന്ന് നിന്ന് തഖ്വയിലൂന്നിയുള്ള ജിവിതം നയിച്ച് അശരണരും നിരാലംബരുമായ പാവങ്ങള്‍ക് അത്താണിയായി നിന്ന്, മത സഹോദര്യത്തിന്‍റെ സന്ദേശം പ്രചരിപ്പിച് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ പുണ്യ പുരുഷനായിരുന്നു പാപ്പം കോയ തങ്ങള്‍ എന്ന സയ്യിദ് മുഹമ്മദ്‌ അല്‍-ഐദറൂസ് (പാപ്പംകോയ തങ്ങള്‍). അല്ലാഹുവിന്‍റെ ഇഷ്ട ദാസനായിരുന്ന തങ്ങളിലുടെ ജിവിതത്തില്‍ പ്രകാശ കിരണങ്ങള്‍ കണ്ടവരേറെയാണ്. കേരളത്തിലെ വടകരയ്ക്കടുത്ത നാദാപുരം കാരക്കാട് തറവാട്ടില്‍ ഹിജ്റ 1244 ല്‍ ഹൈദറൂസ് ഖബീലയിലായിരുന്നു തങ്ങളവര്‍കളുടെ ജനനം. അക്കാലത്തെ പ്രശസ്ത പണ്ഡിതനും സാത്വികനുമായിരുന്നു സയ്യിദ് കുഞ്ഞിക്കോയ തങ്ങളാണ് മഹാനവര്‍കളുടെ പിതാവ്. ഇരുപതാം വയസ്സില്‍ തന്നെ ആത്മീയ നിര്‍വൃതി തേടി സ്വദേശം വിട്ട അദ്ദേഹം തന്‍റെ സുദീര്‍ഘമായ തീര്‍തഥ യാത്രയില്‍ ഭുരിഭാഗവും വിശുദ്ധ നഗരങ്ങളായ മക്ക, മദീന, ബൈത്തുല്‍ മുഖദ്ദസ്, ബാഗ്ദാദ്, ഉമ്മു ഉബൈദ, അജ്മീര്‍ ഷെരിഫ് എന്നിവിടങ്ങളിലാണ് കഴിച്ചു കൂട്ടിയത്. പിന്നീട് കേരളത്തിലേക്ക് മടങ്ങിയെത്തിയ തങ്ങള്‍ കാസറഗോഡ് കുമ്പളയ്ക്കടുത്ത കുമ്പോലില്‍, സയ്യിദ് ഉമര്‍ ഖാസിയുടെ ഏക പുത്രിയെ വിവാഹം കഴിച്ചു. തങ്ങളവര്‍കള്‍ക്ക് ആറ് പെണ്‍മക്കളും രണ്ട് ആണ്‍ മക്കളുമാണ് ഉണ്ടായിരുന്നത്. മൂത്ത പുത്രന്‍ സയ്യിദ് ഉമര്‍ കുഞ്ഞികോയ തങ്ങള്‍ പിതാവിന്‍റെ വഫാത്തിന് ശേഷം ആറ് മാസങ്ങള്‍ കഴിഞ്ഞ് ഇഹലോകവാസം വെടിഞ്ഞു. ദ്വിതീയ പുത്രനാണ് മര്‍ഹും സയ്യിദ് ഫസല്‍ പൂകോയ തങ്ങള്‍.

വളരെ ശാന്തനായ പ്രകൃതക്കാരനായിരുന്നു പാപ്പംകോയ തങ്ങള്‍. സാധാരണക്കാരോടൊപ്പമായിരുന്നു തങ്ങളുടെ പ്രവര്‍ത്തനം. പാവങ്ങളുടെ സ്വന്തം തങ്ങള്‍ എന്ന നിലയില്‍ തങ്ങളവര്‍കളെ പാപ്പംകോയ തങ്ങളെന്ന് വിളിച്ചു തുടങ്ങി. കാസറഗോഡ് ശൈലിയില്‍ ‘പാവം’ എന്നത് പാപ്പം എന്നായി മാറി. ചെറുപ്രായത്തില്‍ തന്നെ പിതാവില്‍ നിന്നും ശൈഖന്‍മാരില്‍ നിന്നും പകര്‍ത്തിയ ആരാധനാ ക്രമങ്ങള്‍ ജിവിതത്തില്‍ സജീവമായി നില നിര്‍ത്തിയ പാപ്പംകോയ തങ്ങള്‍ നിശയുടെ യാമങ്ങളില്‍ ഇബാദത്തില്‍ മുഴുകുക പതിവായിരുന്നു. വിജന പ്രദേശമായിരുന്ന കുന്നിന്‍ ചെരുവായിരുന്നു തങ്ങള്‍ ഇബാദത്തിനായി തിരഞ്ഞെടുത്തത്. തങ്ങള്‍ ഇബാദത്ത് ചെയ്ത ആ പ്രദേശമാണ് ഇന്നത്തെ 'പാപ്പംകോയ നഗര്‍'. പാപ്പംകോയ തന്‍റെ ആത്മീയ യാത്രയില്‍ ബഗ്ദാദില്‍ നിന്നും ഖാദിരിയ്യ, ഉമ്മു ഉബൈദയില്‍ നിന്നും രിഫാഇയ്യ:, അജ്മീറില്‍ നിന്നും ചിശ്തിയ്യ മുതലായ ത്വരിഖത്തുകളും ആത്മീയ ജ്ഞാനങ്ങളും സമ്പാദിച്ചു. തങ്ങള്‍ക് നിരവധി ശിഷ്യ സമ്പത്തുമുണ്ടായിരുന്നു. തങ്ങളവര്‍കളുമായി നേരിട്ട് ത്വരീഖത്തിന്‍റെ ബൈഅത്ത് ചെയ്ത പലരും അഭിമാനത്തോടെ യായിരുന്നു അക്കാര്യങ്ങള്‍ സ്മരിച്ചിരുന്നത്.

ലോകത്തിന്‍റെ നാനാ ഭാഗത്തേക്കും ഇസ്‌ലാം മത പ്രചാരണവുമായി പോയിരുന്ന സാദാത്തുക്കളുടെ കേന്ദ്രമായ യമനിലെ കിഴക്കന്‍ പ്രവിശ്യയായ ഹളര്‍മൗത്തില്‍ നിന്നും കേരളത്തിലേക് മത പ്രചാരണവുമായി വന്ന പ്രമുഖരില്‍ “ഹൈദറൂസ്” താവഴിയിലെ പ്രമുഖനാണ് സയ്യിദ് മുഹമ്മദ്‌ അല്‍-ഐദറൂസ് എന്ന പാപ്പംകോയ തങ്ങള്‍.

‘സുമ്മിന്‍റെ’ ഇജാസിയ്യത്തില്‍ പ്രത്യേക സിദ്ധി നേടിയ തങ്ങള്‍ വിഷ ബാധയേറ്റവര്‍ക്ക് വിഷം അകറ്റി കൊടുക്കുന്നതില്‍ പ്രസിദ്ധിയാര്‍ജ്ജിച്ചിരുന്നു. എന്നും കയ്യില്‍ ഒരു വടി കരുതിയിരുന്ന പാപ്പംകോയ തങ്ങള്‍ ആ വടി ഉപയോഗിച്ച് മാറാവ്യാധികള്‍ ബാധിച്ചവരില്‍ നിന്നും ആ വ്യാധികളെ ഒഴിപ്പിച്ചിരുന്നു. മഹാനവര്‍കള്‍ അനുഗ്രഹിച്ചാശീര്‍വാദിച്ച ഒട്ടേറെ വ്യക്തികള്‍ പില്‍ക്കാലത്ത് ഉന്നതരായിട്ടുണ്ട്. ജീവിതകാലം മുഴുവന്‍ ഇബാദത്തിനും മനുഷ്യ സേവനത്തിനും ഉഴിഞ്ഞു വെച്ച പാപ്പംകോയ തങ്ങള്‍ ഹിജ്റ 1353 ദുല്‍ഹജ്ജ് 23ന് 109-ആം വയസ്സില്‍ കുമ്പോലില്‍ വെച്ച് അല്ലാഹുവിന്‍റെ സവിധത്തിലേക്ക് യാത്രയായി.

 

 

സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍.

 

വന്ദ്യ പിതാവ് പാപ്പംകോയ തങ്ങളുടെ കാല്‍പ്പാടുകള്‍ പുര്‍ണ്ണമായും പിന്‍പറ്റി കൊണ്ടാണ് പൂക്കോയ തങ്ങള്‍ ആത്മീയ രംഗത്ത് പ്രസിദ്ധനായി തീര്‍ന്ന്‍. നിരവധി സങ്കീര്‍ണ്ണമായ പ്രശ്നങ്ങളാല്‍ വലയുന്ന സാധാരണക്കാരായ ജനങ്ങള്‍ക് ആശ്വാസത്തിന്‍റെ തെളിനീരായിരുന്നു പൂകോയ തങ്ങളെന്ന ഫസല്‍ പൂകോയ തങ്ങള്‍.

 

ഹിജ്റ 1325 ല്‍ കുമ്പോലിലായിരുന്നു ഫസല്‍ പൂകോയ തങ്ങളുടെ ജനനം. പിതാവിന്‍റെ വിയോഗത്തോടെ, പിതാവിന്‍റെ രംഗങ്ങളിലെല്ലാം ഫസല്‍ പൂകോയ തങ്ങള്‍ പ്രശോഭിച്ചു തുടങ്ങി. ഹ്രസ്വമായ ജീവിതത്തിനിടയില്‍ നിരവതി കശ്ഫ് കറാമത്തുകള്‍ വഴി ജന ഹൃദയങ്ങളില്‍ സ്ഥിര പ്രതിഷ്ഠ നേടി. അല്ലാഹുവിന്‍റെ പ്രീതിക്കായി ഉഴിഞ്ഞു വെച്ച മാതൃകാ യോഗ്യമായ ജിവിതം നയിച്ച തങ്ങളെ അമുസ്‌ലിം സഹോദരങ്ങളടക്കം സര്‍വ്വരും ഏറെ ആദരിച്ചിരുന്നു. തുവെള്ള തലപ്പാവും ശുഭ്ര വസ്ത്രവും പച്ച ഷാളുമണിഞ്ഞ് ഭക്തിയുടെ നിണംസ്ഫുരിക്കുന്ന പൂകോയ തങ്ങളുടെ വ്യക്തിത്വം ആരാലും ഒന്ന് ശ്രദ്ധിക്കപെടുന്നതായിരുന്നു. പാവങ്ങള്‍കും സമുദായ സ്ഥാപനങ്ങള്‍കും നേരെ തങ്ങളവര്‍കളുടെ കാരുണ്യ ഹസ്തം നീണ്ടിരുന്നു. അന്ത്യ കാലത്ത് പിതാവിന്‍റെ ആരാധനാ സ്ഥലമായിരുന്ന ‘പാപ്പംകോയ നഗറില്‍’ സ്വന്തമായി വഖഫ് ചെയ്ത ഒരേക്കര്‍ സ്ഥലത്ത് സ്വന്തം ഉത്തരവാദിത്വത്തില്‍ പണിയിക്കുകയും തന്‍റെ കര്‍മ്മ രംഗവുമാക്കിത്തീര്‍ക്കുകയും ചെയ്ത മഹത്തായ സ്ഥാപനമാണ് കുമ്പോല്‍ പാപ്പംകോയ നഗര്‍ ബദ്രിയ്യ: ജുമാ മസ്ജിദ്. ഇവിടെ തന്‍റെ മേല്‍നോട്ടത്തില്‍ ഉന്നതമായൊരു ദര്‍സും തങ്ങള്‍ സ്ഥാപിച്ചു. പ്രസ്തുത പള്ളിക്ക് കീഴിലായി മറ്റു സ്ഥാപനങ്ങളും പിന്നീടുണ്ടായി. ഫസല്‍ പൂക്കോയ തങ്ങളുടെ ‘പാപ്പംകോയ ഹൗസ്’ ഇന്നും സന്ദര്‍ശക കേന്ദ്രമാണ്. കാസര്‍ഗോഡ്‌ പട്ളയിലെ സയ്യിദ് ഹുസൈന്‍ ബാഅലവി ആറ്റക്കോയ തങ്ങളുടെ പ്രഥമ പുത്രി ഉമ്മു ഹലീമ ബീവിയാണ് ഫസല്‍ പൂക്കോയ തങ്ങളുടെ ജിവിത സഖി.

 

ഭര്‍ത്താവിന്‍റെ നിഴലായി ജിവിച്ച മഹതി ദീനി ചിട്ടയുടെയും ഇബാദത്തിന്‍റെയും കാര്യത്തില്‍ സയ്യിദ് വംശത്തിനു തന്നെ മാതൃകയാണ്. ഇവരെകൊണ്ട് ദു:ആ ചെയ്യിപ്പിക്കാനും അനുഗ്രഹം തേടാനും വിദുര സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ എത്താറുണ്ട്. പലപ്പോഴായി കുമ്പോള്‍ തറവാട്ടിലെത്തിയ പണ്ഡിത ലോകത്തെ കുലപതികളായ മടവൂര്‍ സി.എം. വലിയുല്ല, ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍, താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍, കോട്ടുമല ഉസ്ഥാദ് വൈലിത്തറ മൗലവി തുടങ്ങിയ നിരവദി മഹാന്മാര്‍ മഹതിയുടെ ആതിഥേയത്വം സ്വീകരിക്കുകയും ഇവരോട് ദു:ആക്ക് വസിയ്യത്ത്‌ ചെയ്യാറുമുണ്ടായിരുന്നു. കുമ്പോല്‍ സയ്യിദ് കുടുംബത്തിനു വെളിച്ചമായി പാപ്പംകോയ ഹൗസില്‍ വസിക്കുന്ന ഉമ്മു ഹലീമ ബീവിക്ക് നീ ആഫിയത്തോട് കൂടിയ ആയുസ്സ് നല്‍കണേ റബ്ബേ...

 

കേരളത്തിലേയും കര്‍ണ്ണാടകയിലെയും പണ്ഡിതന്‍മാരും സദാത്തുക്കളും ഫസല്‍ പൂക്കോയ തങ്ങളുമായി അഭേദ്യമായ ബന്ധമുള്ളവരായിരുന്നു. പണ്ഡിത നിരയിലെ സൂര്യതേജസ്സ് ശംസുല്‍ ഉലമ ഇ.കെ. അബുബക്കര്‍ മുസ്ലിയാര്‍ പാപ്പംകോയ ഹൗസിലെ നിത്യ സന്ദര്‍ശകനായിരുന്നു. ഫസല്‍ പൂക്കോയ തങ്ങളുടെ ജീവിത കാലത്തും ശേഷവും നിരവതി മഹാന്‍ മാരായ പണ്ഡിത ശ്രേഷ്ഠര്‍ കുമ്പോലില്‍ എത്തിയിട്ടുണ്ട്. അഞ്ച് ആണ്‍മക്കളും നാല് പെണ്‍മക്കളുമാണ് പൂക്കോയ തങ്ങള്‍ക്ക്. ഒരു പുത്രി ചെറുപ്പത്തില്‍ തന്നെ മരണപ്പെട്ടു ഫസല്‍ പൂക്കോയ തങ്ങളുടെ അഞ്ച് പുത്രന്‍മാരും ദീനീ സേവന രംഗത്ത് സജീവമാണ്.

 

ഹിജ്റ 1392–ല്‍ ദുല്‍ഹജ്ജ് 27ന് തന്‍റെ അറുപത്തിയഴാം വയസ്സില്‍ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ കോമ്പോലില്‍ വച്ച് ഇഹലോകവാസം വെടിഞ്ഞു. ഇന്നാലില്ലാഹി വഇന്നാഇലൈഹി റാജിഹൂന്‍. പാപ്പംകോയ നഗര്‍ ബദ്രിയ ജുമാ മസ്ജിദ് സമീപ്പം മുഗള്‍ ശില്‍പകലാ മാതൃകയില്‍ നിര്‍മിച്ച മഖാം ശരീഫില്‍ ഫസല്‍ പൂക്കോയ തങ്ങള്‍ അന്ത്യവിശ്രമം കൊള്ളുന്നു. ‘കുമ്പോല്‍’ എന്നത് കേവലം ഒരു സ്ഥലനാമം എന്നതിലുപരി പതിനായിരക്കണക്കിന് പാവങ്ങളുടെ ഒരു വികാരമാണിന്ന്‍. അതിലേക്ക് നയിച്ചത് കുമ്പോല്‍ സാദാത്തീങ്ങളും. യാ അല്ലാഹ് ദീര്‍ഘ കാലം പരിശുദ്ധ ദീനിന് നേതൃത്വം നല്‍കാന്‍ നീ അവരെ അനുഗ്രഹിക്കണേ. (ആമീന്‍).

© kumbolthangal.com 2025

Visitors

  • ytb
  • w-facebook
  • Twitter Clean
bottom of page